Monday, August 30, 2010

ഡോക്ടര്‍മാരുടേത് ഏറ്റവുംഅധഃപതിച്ച മേഖല -സുധാകരന്‍


കൊല്ലം: കാശിനെക്കുറിച്ച് മാത്രം ചിന്തിച്ച് സമൂഹത്തോട് നീതി പുലര്‍ത്താത്ത ആരോഗ്യരംഗവും ഡോക്ടര്‍മാരും സമൂഹത്തിലെ ഏറ്റവും അധഃപതിച്ച മേഖലയായി മാറിയെന്ന് മന്ത്രി ജി. സുധാകരന്‍. ഡോക്ടര്‍ എം. ശ്രീനിവാസന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡോ. എം. ശ്രീനിവാസന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ -സഹകരണമേഖലയില്‍ നിയമാനുസൃതമായ ഏറ്റവും ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. എന്നാല്‍ കരിഞ്ചന്തക്കാരും കള്ളപ്പണക്കാരും മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ച് വന്‍തുക വാഗ്ദാനം ചെയ്യുമ്പോള്‍ സമൂഹത്തെ മറന്ന് ഡോക്ടര്‍മാര്‍ അങ്ങോട്ട് പോവുകയാണ്. ഇതുമൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരും പല വിഭാഗങ്ങള്‍ക്കും മേധാവികളും ഇല്ലാത്ത അവസ്ഥയാണ്.

സഹകരണമേഖലയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രതിവര്‍ഷം 12 കോടിയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. തങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന ചിന്ത ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വന്നത് തെറ്റല്ല. എന്നാല്‍ അത് വന്നതു കൊണ്ട് സംഭവിച്ചത് പണാധിപത്യമാണ്. കേരള സര്‍വകലാശാല ഇപ്പോള്‍ സ്വാശ്രയ കോളജുകളുടെ സര്‍വകലാശാലയായി മാറി. സര്‍വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ആക്ടിവിസ്റ്റുകള്‍ ഉണ്ടാകേണ്ടതെങ്കിലും അത്തരക്കാര്‍ ഏറ്റവും കുറവ് ഇവിടങ്ങളിലാണ്.

അറിവ് ആര്‍ജിക്കുംതോറും നിര്‍ജീവമായി പോകുന്നവരായിരിക്കുന്നു അധ്യാപകര്‍. ഇതുമൂലം തന്‍േറടമുള്ള അധ്യാപകര്‍ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെങ്ങമം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. വിജയരാഘവന്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. റെയ്ന്‍ ഹാര്‍ട്ട് ഫിലിപ്, ബെന്‍ലി. ബി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രഫ. രമാരാജന്‍ സ്വാഗതവും പ്രഫ. കെ. ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Courtesy: madhyamam daily

No comments:

Post a Comment