Tuesday, September 11, 2012

മതങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്



മതങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. ഓരോ മതത്തിനും സച്ചരിതരായ മുന്‍ഗാമികളുടെ ചരിതങ്ങള്‍ പറയാനുണ്ട്. ഒരുപക്ഷെ എല്ലാ മതങ്ങളുടെയും ഉത്ഭവം ഒരേ ബിന്ദുവില്‍ നിന്നാവാം. ധര്‍മവും അധര്‍മവും, നീതിയും അനീതിയും, നന്മയും തിന്മയും ഏറെക്കുറെ എല്ലാ മതങ്ങളിലും ഒരുപോലെയാണ്. നന്മ ക്ഷയിക്കുകയും തിന്മകള്‍ അതിരുകടക്കുകയും ചെയ്യുമ്പോള്‍ ധര്‍മ്മസംസ്ഥാപനത്തിനായി ദൈവ ദൂതന്മാര്‍ ആഗാതരായിരുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നു.


സുകൃതങ്ങളുടെ മകുടോദാഹരണങ്ങളായ ആ നല്ല മനുഷ്യരുടെ ജീവിതകാലത്ത് അവരെ അനുകൂലിച്ചവരും ആക്ര്മിച്ചവരുമുണ്ടായിരുന്നു. അവര്‍ പ്രതിനിധാനം ചെയ്ത ആശയങ്ങളെയും ആദര്‍ശങ്ങളേയും അക്ഷരം പ്രതി അനുധാവനം ചെയ്ത അനുയായികളായിരുന്നു അവരുടെ ശേഷിപ്പ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കുശേഷം ആ മഹാമാനീഷികളുടെ അനുകൂലികളും പ്രതികൂലികളും അനുകരണത്തിന്റെയും പ്രതികരണത്തിന്റെയും ഇരു ധ്രുവങ്ങളിലേക്ക് അകന്നുകൊണ്ടിരുന്നു. പില്‍കാല ആദര്‍ശ ശത്രുക്കള്‍ ജീവിതകാലത്ത് പ്രതിയോഗികള്‍ കണ്ടെത്താത്ത ആരോപണങ്ങളുമായി മുന്നോട്ടു വന്നു. മറുവശത്ത് അവരുടെ പില്‍കാല അനുകൂലികള്‍ ജീവിതകാലത്ത് ആ ധാര്‍മിക വിപ്ലവ നായകര്‍ ഒരിക്കലും അവകാശപ്പെടുകയോ ധ്യുതിപ്പിക്കകപോലും ചെയ്യാത്ത ദൈവികതയും അമാനുഷികതയും ആ മഹത്തുകളുടെ മേലില്‍ കെട്ടിവെച്ചു.



നന്മയുടെ പന്ഥാവില്‍ വിവിധ ദേശങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ മനുഷ്യരെ നയിച്ച മോശയും കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദ്‌നബിയുമെല്ലാം ഒരേ ദിശയിലേക്കാണ് വിരല്‍ ചൂണ്ടിയിരുന്നത്. ദിശാബോധം നഷ്ടമായി അവരുടെ അനുധാവകരെന്നു അവകാശപ്പെടുന്നവര്‍ ചെയ്യുന്ന ക്രൂരതകളും കൊള്ളരുതായ്മകളും അറിയുമ്പോള്‍ അവരെത്ര ദുഖിക്കുന്നുണ്ടാവും!



അമീര്‍ ഹസ്സന്‍

ബുധനാഴ്ച, 12 സെപ്ററംബറ് 2012